ഗവി - പരുന്തന്പാറ - തേക്കുതോട്
രാത്രി പതിനൊന്നുമണിക്കാണ് യാത്ര തിരിച്ചത്... ഫോണിലെ GPS ലെ നീലവരയ്ക്കൊപ്പം ബൈക്കില്... അവളെ കാണാന്..
തണുത്ത കാറ്റും ചാറ്റല് മഴയും ആ യാത്ര വാക്കുകളാല് വിവരിക്കാന് കഴിയാത്ത അനുഭൂതിയാണ് പകര്ന്നുതന്നത്.. എന്താണെന്നറിയില്ല വളരെ തിരക്ക് കുറഞവയായിരുന്നു വീഥികള്. നഗരങ്ങളും ഗ്രാമങ്ങളും പുറകിലേക്കോടിമറഞ്ഞു. ഒരുമണിയോടുകൂടി പത്തനാപുരത്ത് എത്തി . ലക്ഷ്യം പത്തനംതിട്ട ടൌണ് ആയിരുന്നു.. അവിടെ കുറച്ചുനേരം വിശ്രമിച്ചു നേരെ വെച്ചുപിടിക്കാം എന്ന് കരുതി വണ്ടിയോടിച്ചുകൊണ്ടിരുന്നു..
പിന്നീട് ബസ്റൂട്ട് അല്ലെന്നു വ്യക്തമായും മനസ്സിലാകുന്ന വഴിയിലെക്കാണ് നീലവര നിയന്ത്രിച്ചത്. കഷ്ടിച്ച് ഒരു കാര് മാത്രം പോകുന്ന വഴി... ശരിയായ വഴിയല്ലേ എന്ന് ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല് ഈ അസമയത് ആരെ കാണാന്.. എതിരെ ഒരു വാഹനംപോലും വരുന്നില്ല... നഗരത്തിന്റെ ലക്ഷണങ്ങള് ഒന്നും ഇല്ല.. എത്തുമായിരിക്കും... നീലവരയെതന്നെ അനുസരിച്ച് മുന്പോട്ടുപോയി... അല്പസമയത്തിനകം കോന്നിയിലെത്തി... പതിയെ ഗ്രാമങ്ങളുടെ മുഖം മാറി... തണുപ്പിന്റെ കാഠിന്യവും കൂടി.. മഴ മാറിനിന്നു... ചേര്ന്ന് നിന്നിരുന്ന വീടുകള്ക്കിടയില് അകലം കൂടിക്കൂടിവന്നു... നഗരത്തിന്റെ ലക്ഷണങ്ങള് കാണാനുമില്ല... ഫോണിലെ ബാറ്ററിയുടെ കാര്യത്തില് ഉടനെ തീരുമാനമാകും... നീണ്ടു കിടക്കുന്ന ഗ്രാമപാതയില് അങ്ങേയറ്റതൊരു ചെറിയൊരു വെളിച്ചം കണ്ടപ്പോള് വലിയ ആശ്വാസം.. അടുത്ത് വന്നപ്പോഴാണ് അതൊരു ചെക്ക്പോസ്റ്റ് ആണെന്ന് മനസ്സിലായത്.. മനസ്സില് ഓര്ത്തു ഇതെന്തിനാ ഇവിടെയിങ്ങനെ ഒരു ചെക്ക് പോസ്റ്റ്... അതും വനം വകുപ്പിന്റെ... ബൈക്ക്ഒതുക്കി അവിടെ ഇറങ്ങി.. മേശമേല് തലവച്ചു ഉറങ്ങുന്ന ആളിനെ വിളിച്ചു... നല്ല ഉറക്കം... പതിയെ പുറത്തു തട്ടി വിളിച്ചു..
“ ചേട്ടോ”
“എന്താ?? എന്താ?... ഏ... ഏ.. ”
ചാടിയെഴുന്നെല്ക്കലും അരികത്തു ചാരിവെച്ചിരുന്ന ലാത്തിക്ക് സമാനമായ വടിയില് പിടി മുറുക്കിയതും ഞൊടിയിടയിലായിരുന്നു. ഞാനും പകച്ചു പിന്നോട്ട് മാറി... തണുപ്പകറ്റാന് ആകെ മൂടിപ്പുതച്ചും മഫ്ലറും ധരിച്ച കറുത്ത ഒരു രൂപം... മുന്വശത്തെ മുകളിലെ നിരയില് രണ്ടു പല്ലും ഇല്ല... “വിജനമായ സ്ഥലം... റാന്തല് വെളിച്ചം... പഴകിയ മേശ... എല്ലാം ഒരു ബ്ലാക്ക് ആന്ഡ് വൈറ്റ് പ്രേതസിനിമയെ ഓര്മ്മിപ്പിച്ചു...
“ അപ്പുറത്ത് പോകണം പോസ്റ്റ് ഒന്ന് തുറന്നു തന്നാല്...”
ഞാന് അര്ധോക്തിയില് നിര്ത്തി... സുഖസുഷുപ്തി ഭംഗം വരുത്തിയതിന്റെ ദേഷ്യം അയാളുടെ മുഖത്തെ ഒന്നുകൂടി ഭീകരമാക്കി... എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പോസ്റ്റിനു സൈഡിലെ രണ്ടു ചാക്കുകെട്ട് എടുത്തു മാറ്റി “പൊയ്ക്കോ” എന്ന് മാത്രം പറഞ്ഞു....
വഴി ചോദിച്ചറിയാനുള്ള മോഹം എപ്പോഴേ എന്നില്നിന്നും പോയിരുന്നു... എന്നാലും ഒരു പഴയകാല സിനിമയില് ജീവിച്ചതിന്റെ സന്തോഷം ഒരു ചെറുചിരിയായി എന്നില് നിറഞ്ഞു നിന്നൂ.. വീണ്ടും യാത്ര... അധികദൂരം മുന്നോട്ടുപോയില്ല.. എനിക്ക് മനസ്സിലായി വഴി തെറ്റിയിരിക്കുന്നു... വനതിനുള്ളിലേക്കാണ് കടക്കുന്നത്....
വീതി കുറഞ്ഞ വീഥികള് കൊടുംവളവുകള്ക്ക് വഴിമാറി.... പോകുംതോറും വനത്തിന്റെ വന്യത കൂടിക്കൂടി വരുന്നു.. ഒപ്പം മനോഹാരിതയും... ചെറിയൊരു പരിചയം വച്ച് എനിക്കുറപ്പായിരുന്നു .. ഇത്രയും ടെന്സിടി ഉള്ള വനതിനകത്തു ആന, കാട്ടുപോത്ത് പന്നി ഇത്യാദികള് ഉറപ്പാണ്.. പുലിക്കും സാധ്യത ഇല്ലാതില്ല.... ഈറ്റകള് വലിചോടിച്ചതും റോഡിന്റെ വശങ്ങള് കുത്തി ഇളക്കിയിട്ടിരിക്കുന്നതും എന്റെ വിശ്വാസത്തിനു ആക്കം കൂട്ടി.. അടുത്ത വളവില് വച്ച് അത് സംഭവിച്ചു.. വലിയ ഒരു കാട്ടുപന്നി വണ്ടിയുടെ കുറുകെ ചാടികടന്നുപോയി... അതിന്റെ വേഗത...!!!....
എങ്ങിനെയോ ബ്രേകില് കാലമര്ന്നു... ഈ വനം ഏതെന്നറിയില്ല... എത്ര ദൂരമുണ്ട് എന്നറിയില്ല... മുന്പില് വഴിയുണ്ടോ എന്നറിയില്ല... മാത്രമല്ല... വന്യ മൃഗങ്ങളുടെ സ്വൈരവിഹാര സമയവും... ഏകദേശം മൂന്നു കിലോമീറ്റര് പിന്നിട്ടു കാണും വനത്തിലൂടെ... GPS പണി മുടക്കിയിരിക്കുന്നു... ധൈര്യം ചോര്ന്നു പോകുന്നത് അറിയാമായിരുന്നു... എന്താണ് മുന്നിലെന്ന് ഊഹിക്കാന് പോലും പറ്റാത്ത ഈ യാത്ര വേണ്ട എന്ന് മനസ്സ് പറയുന്നപോലെ... ഞാന് അനുസരിച്ചു...
ആ ചെക്ക്പോസ്റ്റില് ഇരിക്കാം കുറച്ചു നേരം.. ഞാന് കരുതി. ബൈക്ക് തിരിച്ചപ്പോള് ആകെ മുന്നിലുണ്ടായിരുന്ന വിഷമം ആ വച്ച്മാന്റെ ഉറക്കം കെടുത്തുന്നത് മാത്രമായിരുന്നു....
ആ... അയാളെ ഉണര്ത്തേണ്ട ആ പരിസരത്തെങ്ങാനും ബൈക്കില് തന്നെയിരിക്കാം എന്ന് തീരുമാനിച്ച് വന്ന വഴിയിലൂടെ വീണ്ടും... കയറിയ കയറ്റങ്ങളൊക്കെ വളരെ പെട്ടന്ന് ഇറങ്ങി...
വീണ്ടും ചെക്ക് പോസ്റ്റ്.. പക്ഷെ എന്റെ പ്രതീക്ഷക്കുവിരുദ്ധമായി വാച്ച്മാന് ഉണര്ന്നിരിക്കുകയായിരുന്നു... സി.എഫ്.എല്. ലാമ്പ് കത്തിനില്ക്കുന്നത് കണ്ടപ്പോഴാണ് ഇവിടെ വൈദ്യുതി ഉണ്ടായിരുന്നു എന്ന് മനസ്സിലായത്. ഒരുപക്ഷെ നേരെത്തെ കറന്റ് പോയതായിരിക്കാം... ചെക്ക്പോസ്ടിനു അല്പമകലെ ബൈക്ക് നിര്ത്തിയിട്ടു ഞാന് അതില്ത്തന്നെ ഇരുന്നു. ചാര്ജ്ജ് കഴിഞ്ഞു ഓഫ് ആയ ഫോണ്സ്ക്രീനില് വെറുതെ നോക്കിക്കൊണ്ടിരുന്നു. ആദ്യം കാണുന്നതുപോലെ.. അയാള് വടിയും ടോര്ച്ചുമായി എന്റെ അടുക്കലേക്കു വരുന്നു... എന്റെ ചങ്കിടിപ്പ് കൂടി.. “വീണ്ടും ബ്ലാക്ക് ആന്ഡ് വൈറ്റ് അഭിനയിക്കേണ്ടി വരുമോ” ഞാന് ബൈക്കില് നിന്നും ഇറങ്ങി... മുന്നിലെത്തിയതും കത്തി നില്ക്കുന്ന ലാംപിനെ തോല്പ്പിക്കുന്ന ഒരു ചിരി അയാള് എനിക്ക് സമ്മാനിച്ചു.... ചിരി എന്ന് പറഞ്ഞാല് പുഞ്ചിരിയല്ല.. ഹഹഹ എന്ന് വായ തുറന്നുള്ള ചിരി.. ഒരു ഗുഹയിലേക്ക് നോക്കിയപോലെ തോന്നിയ എന്നിലും ചിരി വിടര്ന്നു.. മുഖത്തും മനസ്സിലും...
“ഇപ്പഴാ സമാധാനായത്.. എനിക്കറിയാരുന്നു സാറ് പോയപോലെ തിരിച്ചുവരും ന്നു”
അയാള് പറഞ്ഞു..അകമ്പടിയായി ഒരു ദീര്ഘനിശ്വാസവും.
“ഉറക്കപിച്ചില് സാറിനോട് പോയ്ക്കൊന്നും പറഞ്ഞു.. പോയികഴിഞ്ഞപ്പോ വിഷമവുമായി... പിന്നെ ഉറക്കം വന്നില്ല... ഇങ്ങനെ നോക്കിയിരിക്കാരുന്നു തിരിച്ചുവരുന്നതും കാത്ത്..” പക്ഷെ കുറെ നേരായിട്ടും കണ്ടില്ലന്നു കണ്ടപ്പോ ചെറിയ പേടി തോന്നി”
അയാളുടെ മുഖത്ത് ആശ്വാസം.. ആ മുഖം കൂടുതല് കൂടുതല് സുന്ദരമാകുന്നതുപോലെ തോന്നി എനിക്ക്..
“ആ ബഞ്ചിലോട്ടിരിക്കാം വരൂ..”
അയാള് ക്ഷണിച്ചു... ബാഗുമെടുത്ത് ഞാന് അയാളെ അനുഗമിച്ചു.. നല്ല തണുപ്പ്... ഞാന് ബാഗില്നിന്നും സിഗരട്ട് പാക്കെറ്റ് എടുത്തു ഒന്നു കൊളുത്തി...
“ചേട്ടന് വലിക്കോ”
“ഉം”
നാണം കലര്ന്ന മറുപടി... മൂപ്പര്ക്കും കൊടുത്തു ഒരെണ്ണം...
“എന്താ ചേട്ടന്റെ പേര്”
“ധര്മ്മപാലന്”
ഞാന് ചിരിച്ചു.. മൂപ്പര്ക്ക് തോന്നിക്കാണും പേര് കേട്ടാണ് ചിരിച്ചതെന്ന്..
“പക്ഷെ എല്ലാരും ഉണ്ണീ ന്നാണ് വിളിക്ക”
“ഞാന് ഈ മൊബൈല് ഒന്ന് ചാര്ജു ചെയ്തോട്ടെ”
“അതിനെന്താ” മൂപ്പരുതന്നെ ചര്ജേര് പ്ലഗില് കണക്റ്റ് ചെയ്തു... “സാറെവിടുന്നാ വരണേ?”
“തിരുവനന്തപുരം” മറുപടി ഒറ്റവാക്കിലോതുക്കി.
“ഇതേതാ വനം” ഞാന് ചോദ്യകെട്ട് അഴിച്ചു...
“ഞാറളം”...
ആദ്യമായി കേള്ക്കുകയാണ്..
ഉണ്ണ്യേട്ടന് തുടര്ന്നു. “ഉദ്ദേശം അഞ്ചു കിലോ മീറ്റര് വരും. വല്ലപ്പോഴും ആന ഇറങ്ങും പന്നിയാണ് ധാരാളം.. നല്ല ഒറ്റയാന് ഉണ്ടാവും”
“ആഹാ അഞ്ചു കിലോമീറ്ററെ ഉള്ളൂ അല്ലെ.. ഇത് നേരെത്തെ അറിഞ്ഞാല് ഞാന് ആ സമയം തന്നെ പോയേനെ., മൂന്നു കിലോ മീറെരിരിലധികം പോയിട്ടാണ് തിരിച്ചു വന്നത്.”
അത് കേട്ടപാടെ ഉണ്ണ്യേട്ടന് ഒരു ചിരിചിരിച്ചു...
“ഉം അതിനു ഞാറളം കാട് കഴിഞ്ഞു അല്പം കഴിഞ്ഞാല് പിന്നെ തണ്ണിതോട് വനം തുടങ്ങായി.... ഞാറളം പോലെയല്ല... പത്തിരുപതു കിലോമീറ്റെര് ഉണ്ട്... കൊടുംകാടാണ്.. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ എപ്പോഴും ആനയുണ്ടാകും.. പുലിയും കാട്ടുപോത്തും ഒറ്റ പന്നിയും എന്നുവേണ്ട എല്ലാം നിറഞ്ഞു നില്ക്കുന്ന കാടാണ് അത്.. ഇപ്പോഴാണെങ്കില് നല്ല സമയവും... സാറ് ആദ്യായിട്ടാണ് അല്ലെ വനത്തില്???”
“ആദ്യായിട്ടല്ല.. പക്ഷെ ഈ സമയത്ത് ആദ്യായിട്ടാണ്...”
“സാറിനു ഒരു കാഴ്ച കാണണോ?” അയാള് ചോദിച്ചു.
“കാണാം, അതിനെന്താ?”
ഉണ്ണ്യേട്ടന് ഉടുത്തിരുന്ന മുണ്ട് മാറ്റിപ്പിടിച്ചു കാണിച്ചു. ഇടതു കാലില് മുട്ടിനു മുകളില് നിന്ന് തുടയുടെ മുകള്ഭാഗം വരെ വികൃതമായി തുന്നിക്കെട്ടിയ പാട്... അയാള് തുടര്ന്നു.
“തണ്ണിതോട് വെച്ച് ഒരു ഒറ്റ പന്നിയുടെ മുന്പില് പെട്ടതാ.., ജീവന് തിരിച്ചുകിട്ടിയത് ഭാഗ്യം.. ഇടഞ്ഞാ ആനയേക്കാള് പിശകാണ് സാറേ പന്നി. അനുഭവിച്ചിട്ടെ ചാകതോള്ളൂ”
പെരുവിരലില്നിന്നും ഒരു വിറയല് മുകളിലോട്ടു കയറുന്നത് ഞാന് അറിഞ്ഞു.. അപ്പോഴും മിന്നല് വേഗത്തില് കുറുകെചാടിയ വലിയ രൂപത്തെ ഒന്നോര്തെടുക്കാന് ശ്രമിച്ചു... ഉണ്ണിയേട്ടന് സീതതോടിലെക്കുള്ള വഴി കൃത്യമായി പറഞ്ഞു തന്നു.. ഒരു റൂട്ട് മാപ്പും തയ്യാറാക്കി. സംസാരത്തിനിടയില് ഒരു പെട്ടി ഓട്ടോ വരുന്നു വനത്തിനുള്ളില് നിന്നും... ഞാന് ചാടിയെഴുന്നേറ്റു... ഉണ്ണിയേട്ടനും...
“മൃഗങ്ങള് വല്ലതും റോഡിലുണ്ടോ വാസുവേ?”
“കുറച്ചു പന്നീണ്ടാരുന്നു. വേറൊന്നും കണ്ടില്ല... ന്തേ?”
“ഏയ് വെറുതെ”
ഉണ്ണിയേട്ടന് പോസ്റ്റ് തുറന്നു കൊടുത്തു... എന്നോടായി പറഞ്ഞു...
“കുറച്ചൂടെ കഴിഞ്ഞിട്ട് പോയാല് പോരെ”
“രാവിലെ ആറുമണിക്ക് സീതത്തോട് എത്തണം..”
ഞാന് പറഞ്ഞു. “എന്തായാലും ഒരു വണ്ടി പാസ് ചെയ്തില്ലേ? ഇനി വല്ല്യ കൊഴപ്പം ഒന്നും ഉണ്ടാവില്ല ല്ലേ?.....”
“കാടാണ് സാറേ.. എന്താപറയാ....”
എന്തായാലും ഞാന് പോകാന് തീരുമാനിച്ചു. സിഗരറ്റിന്റെ പാക്കറ്റ് ഉണ്നിയെട്ടനുതന്നെ കൊടുത്തു വണ്ടിയില്കയറി.
“ചോദിക്കാന് മറന്നു... ഉണ്ണിയേട്ടന്റെ വീടെവിടാ?”
ചുറ്റുമുള്ള കാട് കാണിച്ചു തന്നിട്ട് പഹയന് പറയാണ്
“ഇതൊക്കെ തന്നെയാ വീടെന്നു” എന്നിട്ട് തുറന്ന വായില് ഒരു ചിരിയും...
ഒരു നൂറു രൂപ എടുത്തു മൂപ്പരുടെ കയ്യില് തിരുകിവെച്ചു.. ഏറെ നിര്ബന്ധിചിട്ടാ വാങ്ങിയെ.. ഒരുപക്ഷെ തിരിച്ചു വന്നില്ലായിരുന്നെങ്കില് ആരാന്നറിയാഞ്ഞിട്ടും കാത്തിരിക്കാന് മനസ്സ് കാണിച്ച ആ മനുഷ്യനിലെ നന്മയെ തിരിച്ചറിയാതെ പോയേനെ... തിരികെ വന്നു നിങ്ങളോടുതന്നെ പറഞ്ഞേനെ.. "മനുഷ്യപ്പറ്റില്ലാത്ത ഒരു ജന്മത്തിനെ" കണ്ടു എന്ന്..
“കാണാം”....
ഞാന് വണ്ടി മുന്നോട്ടെടുത്തു... ഇപ്പോള് എനിക്ക് പേടിയൊന്നും തോന്നിയില്ല.. “ഇപ്പഴാ സമാധാനായത്.. എനിക്കറിയാരുന്നു സാറ് പോയപോലെ തിരിച്ചുവരും ന്നു” എന്നും പറഞ്ഞു പ്രതീക്ഷയോടെ കാത്തിരുന്ന ആ കരുതല് എനിക്ക് ധൈര്യം പകര്ന്നു. ഞാറളം കഴിഞ്ഞു...
തണ്ണിതോട് കണ്ടപ്പോള് ഉണ്ണിയെട്ടനോട് ചെറിയൊരു ദേഷ്യം തോന്നി.. ആ മനുഷ്യന് കാടിനെ വിവരിക്കാന് അറിയില്ലെന്നെ...
ഒരു വശം തിങ്ങിനിറഞ്ഞ കാട്.. വലതു വശം നിറയെ പാറ കെട്ടുകളുള്ള... ഈറ്റകള് മറകെട്ടിയ കാട്ടര്... ചീവീടുകളുടെ സംഗീതത്തിനു കാറ്റിന്റെ ശ്രുതിയും കാട്ടാറിന്റെ താളവും.. പാടിപ്പഴകി തെളിഞ്ഞുതെളിഞ്ഞ കാടിന്റെ എത്ര കേട്ടാലും മതിവരാത്ത റിയല് സിംഫണി... നിറയെ തിരിവുകളുള്ള വിജനമായ, വന്യമായ വഴിയിലൂടെ ബൈകിന്റെ ഹെഡ് ലൈറ്റില് ആ സിംഫണിയും ആസ്വദിച്ചു.. അവളെ കണ്കുളിര്ക്കെ കണ്ട്.. മനം നിറയെ അനുഭവിച്ചു യാത്രചെയ്യുന്ന ഒരു സുഖമുണ്ടല്ലോ... ഈ ലോകത്തിലെ മറ്റെല്ലാം മറന്നുപോകുന്ന ആ നിമിഷങ്ങള്.. ഹാ....
ഇതിനെയാണ് ഉണ്ണിയേട്ടന് “കൊടുംകാട്” എന്ന് മാത്രം വിശേഷിപ്പിച്ചത്..... സ്പീടോമീട്ടെരില് സൂചി നാല്പതില് കൂടുതല് കവിയാതിരിക്കാന് ഞാന് ശ്രദ്ധിച്ചിരുന്നു... ഉണ്ണിയേട്ടന്റെ പ്രാര്തനയാണോ എന്റെ ഭാഗ്യമാണോ ഒരു മൃഗതിനെപ്പോലും റോഡില് കണ്ടില്ല... ഇവളെ കണ്ടതും കുറച്ചു നേരെതെക്കെങ്ങിലും ഗവിയെന്ന എന്റെ പ്രണയിനിയെ ഞാന് മറന്നു... അത്രക്കും സുന്ദരിയായിരുന്നു ഇവള്... തണ്ണിതോടിനെ ഓരോ ശ്വാസത്തിലും ഉള്ളിലെടുത്തുകൊണ്ടുള്ള ആ യാത്ര ചെറിയൊരു ഗ്രാമതിലെതിനിന്നു....
സമയം പുലര്ച്ചെ അഞ്ചിനോടടുക്കുകയായിരുന്നു അപ്പോള്...
പുകമഞ്ഞിനെ ചാറ്റല്മഴ പ്രാപിക്കുന്നതില്നിന്നും ജനിക്കുന്ന സൂചിമുനയുള്ള തണുപ്പിനെ സ്വീകരിച്ച് അല്പമകലെ ബൈക്ക് ഒതുക്കി നിര്ത്തി ഞാന് ആ ഗ്രാമത്തിലെ പ്രധാനഭാഗം നോക്കിക്കണ്ടു..
ഇടതുഭാഗത്തുനിന്നും ഇറക്കതോടുകൂടിയ വളവിനു സമീപമായി ഒരു ബസ് സ്റ്റോപ്പ്. അതില് കുറച്ചു ആള്ക്കാര് പത്തനംതിട്ടക്കുള്ള ആദ്യത്തെ ബസിന്റെ വരവും പ്രതീക്ഷിച്ച് നില്ക്കുന്നുണ്ടായിരുന്നു. അവിടെനിന്നും അല്പം മാറി ക്ഷേത്രമെന്നു തോന്നിപ്പിക്കുന്ന ഒരു മന്ദിരം.. അതിനു എതിരെ രണ്ടുമൂന്നു നിരപ്പലകയിട്ട ചെറു പീടികകള്. കൂടാതെ ആ ഗ്രാമത്തിന്റെ ആകെയുള്ള ആഡംഭരം എന്ന് വിശേഷിപ്പിക്കാന് ഒരു വാര്ക്ക കെട്ടിടവും.. ഗുരുദേവ ഹോട്ടല്... ( യഥാര്ത്ഥ പേര് മറന്നുപോയി) ഷര്ട്ടിടാത്ത കറുത്ത് തടിച്ച ഒരു രൂപം ചാറ്റല്മഴയെ വകവെക്കാതെ ആഡംഭരത്തിന്റെ മുറ്റം അടിച്ചുവാരികൊണ്ടിരുന്നു. ഞാന് പതിയെ ആ കടയിലേക്ക് കയറി
"ചായ ആയിട്ടുണ്ടോ ചേട്ടാ??'
മുഖമുയര്ത്തി ഒന്ന് നോക്കിയതല്ലാതെ ഒരു മറുപടിയും വന്നില്ല.. പിന്നെ ഒന്നും മിണ്ടാതെ ഞാന് അകത്തു കയറിയിരുന്നു. അയാള് അടിച്ചുവാരല് കഴിഞ്ഞു കയ്യും മുഖവും കഴുകി തന്റെ ദിനചര്യയിലെ പ്രാര്തനയെന്ന രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആ ഘട്ടം ഒരു ഒന്നൊന്നര ഘട്ടമായിരുന്നു.. എണ്ണയൊഴിച്ച നിലവിലക്കിലെ എല്ലാ തിരികളിലും തീ പകര്ന്നു ഒരു പാക്കറ്റ് ചന്ദനത്തിരി മുഴുവന് കത്തിച്ചുപിടിച്ചു. ചുവരിന്മേല് പതിച്ചിരുന്ന ശിവകാശിയില് അച്ചടിച്ച സകലാമാന ദൈവ ചിത്രങ്ങളും ഗന്ധധൂപമേറ്റുവാങ്ങി ചിരിച്ചുകൊണ്ടുനിന്നു. മൂന്നാം ഘട്ടമായി മേശപ്പുറത്തെ തളികയില് വെച്ചിരുന്ന കളഭമെടുത്തു കലക്കി വീതിയേറിയ കറുത്ത നെറ്റിയുടെ അങ്ങേയറ്റം മുതല് ഇങ്ങേയറ്റം വരെ കൃത്യമായ വീതിയില് അടിത്തറയിട്ടു ഒത്തനടുക്കില് കുങ്കുമം കൊണ്ടോരു വട്ടവും വരച്ചു എനിക്കൊരു വെളുത്ത ചിരി സമ്മാനിച്ചു.
"ചായ ഇപ്പൊ തരാം"
ഇരുപതു മിനിട്ട് മുന്പേ ചോദിച്ച ചോദ്യത്തിന്റെ മറുപടി.
വിശപ്പ് കടന്നാക്രമിച്ചു തുടങ്ങിയിരുന്നു. ഹിമാവരണം ചെയ്ത മരപ്പെട്ടിയിലെ ചില്ലുകകള്ക്കുള്ളില് വിറങ്ങലിച്ചിരുന്ന കേക്കിലോരണ്ണം എടുത്തു കഴിച്ചു. ഒരു തല്ക്കാല ശാന്തിക്ക്.. വേറെ ഒന്നും ഉണ്ടായിരുന്നില്ല.
"ഇവിടെ എവിടേക്ക് വന്നതാണ് ?" കടുപ്പത്തില് പകര്ന്നു തന്ന ചായക്ക് കൂട്ടെന്നപോലെ നാരായണേട്ടന് ചോദിച്ചു..
"ഇവിടെക്കായി വന്നതല്ല
യാത്രാമദ്ധ്യേയാണ് .. സീതത്തോട് പോണം അവിടുന്ന് ഗവി..."
ചേട്ടന് എന്നെ അന്തംവിട്ടു നോക്കി.. ആ നോട്ടത്തിന്റെ അര്ത്ഥം എനിക്ക് മനസ്സിലാവുമായിരുന്നു...
"നല്ല അസ്സല് ചായ.. " കാശ് കൊടുക്കാന് നേരം അദ്ധേഹത്തെ അഭിനന്ദിക്കാന് ഞാന് മറന്നില്ല.
"ഇനിയിവിടന്നു ഇടതോട്ടല്ലേ നീലിപ്പിലാവ് വനം "
ഇടുപ്പില് കൈവെച്ചു പുറകിലോട്ടു ഞളിഞ്ഞുകൊണ്ട് ഞാന് ചോദിച്ചു.
ഉണ്ണിയേട്ടന് വളരെ കൃത്യമായി പറഞ്ഞു തന്നിരുന്നെങ്കിലും ഞാന് ഒന്നൂടെ സംശയ നിവാരണം നടത്തിതാണ്.
"അതെ പക്ഷെ അവടെ മൊത്തം ഓടു വിരിക്കണ പണി നടക്കാണ്.. വണ്ടി കടത്തിവിടുമോന്നറിയില്ല.. "
നാരായണന് ചേട്ടന്റെ സംശയം എന്നെ ആശങ്കയിലാഴ്ത്തി.
"ന്നാലും ഒന്ന് പോയി നോക്ക്... പണിക്കാരോക്കെ വരുംബ്ലയ്ക്കും എട്ടു മണിയൊക്കെ ആകും.." ആശങ്കക്ക് ഒരു മറുമരുന്നായി വീണ്ടും നാരായണേട്ടന്. അദ്ദേഹത്തോട് യാത്രയും ചൊല്ലി ഞാന് ബൈക്കില് കയറി.
ഗ്രാമം പുറകിലേക്കോടിമറഞ്ഞു . അല്പ്പ നേരത്തിനു ശേഷം മുന്നില് സൂര്യന്റെ ആദ്യകിരണങ്ങളും മഞ്ഞിന്റെ മൂടലും കിളികളുടെ പാട്ടുകളും മലയന്നാന്മാരുടെ ബഹളവുമായി നീലിപ്പിലാവ് എനിക്ക് സ്വാഗതമോതി.. കുത്തനെയുള്ള മുന്വശം കാണാന് ബുദ്ധിമുട്ടായ കയറ്റമാണെങ്കിലും കല്ലും മണ്ണും പൊടിയും നിറഞ്ഞ വഴി മനസ്സില് കണ്ടവര്ക് തെറ്റും...
വളരെ കൃത്യമായി നിറമാര്ന്ന റ്റയില് വിരിച്ചിരിക്കുന്നു. കുത്തിയൊലിചുവരൂന മഴവെള്ളത്തില് റോഡ് നാശമാവാതിരിക്കാന് വേണ്ടിയാണത്രേ റ്റയില് വിരീക്കുന്നത്. യാത്ര സുഗമമാണെങ്കിലും ഉള്ളിലൊരു ചോദ്യം വഴിമുട്ടിനിന്നു....
"പ്രകൃതിയെ അതിന്റെ വഴിക്ക് വിട്ടുകൂടെ .. ?
അതിനെ ചെറുക്കാന് വ്രഥാ ശ്രമിക്കുന്ന പുരോഗമന വാദികളോട് ചോദിച്ചിട്ടും കാര്യമില്ലാത്ത ചോദ്യം...
നീലിപ്പിലാവ് വിടപറയുന്നതിന്റെ ആദ്യ ലക്ഷണമായി അകലെ എനിക്കിപ്പോള് നിറയെ വീടുകളുമായി ഒരു മലന്ചെരിവ് കാണാം .
അവിടെക്കോടിയെതുന്നതിനിടയിലാണ് വഴിമുടക്കിയിട്ടിരിക്കുന്ന വലിയൊരു തേക്ക് മരവും അതില് സ്ഥാപിച്ചിരിക്കുന്ന പുറം തിരിഞ്ഞിരിക്കുന്ന ഒരു ബോര്ഡും മുന്നില് വന്നു പെട്ടത്. വണ്ടി അവിടെ നിര്ത്തി ഇറങ്ങി ചെന്ന് ബോര്ഡിന്റെ മറുവശം നോക്കി ....
"വാഹനങ്ങള്ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു"....
എനിക്ക് ചിരി വന്നു... " ഇങ്ങോട്ടക്കല്ലേ നിരോധനം. എനിക്ക് പോകേണ്ടത് അങ്ങോട്ടാണ്" ഞാന് ബോര്ഡിനോട് പറഞ്ഞു. അല്പ നേരതെ വിശ്രമതിനോടുവില് റോഡിന്റെ വലതു വശത്തുകണ്ട ചെറിയൊരു ഗ്യാപിലൂടെയും മരത്തിനു മുകളിലൂടെയുമോക്കെയായി ഒരു വിധത്തില് ബൈക്ക് അപ്പുറതെത്തിച്ചു.. പിന്നെ മഞ്ഞില് മുങ്ങിയ തണുത്ത മലന്ച്ചരിവിലെക്ക് ഊളിയിട്ടു.....
ഏറെ ദൂരം പിന്നിട്ട് സീതതോട് എത്തിയപ്പോള് സമയം 6.45. അവിടെ നിന്നും അങ്ങാമൂഴി സ്റ്റേഷനിലെ പോലീസുകാരനായ രാജേഷിനെ വിളിച്ചു. കക്ഷി എന്റെ സുഹൃത്ത് ഷിജു ആനന്ദിന്റെ സഹപ്രവര്ത്തകനായിരുന്നു... രാജേഷിന്റെ ഉപദേശപ്രകാരം സീതത്തോട് റൂം എടുത്ത് ബൈക്ക് സേഫ് ആക്കി വെച്ചു. കാരണം ഇനിയങ്ങോട്ട് ബൈക്ക് കടത്തിവിടില്ല.. 3500 രൂപ പറഞ്ഞ ജീപ്പ് ഡ്രൈവറെ കുറെ നേരത്തെ സംസാരതിനോടുവില് 3000 രൂപക്ക് സമ്മതിപ്പിച്ചു.
ഉറക്കമെന്തന്നറിയാത്ത രാത്രിക്കിപ്പുറം പ്രഭാത കര്മ്മങ്ങള്ചെയ്ത് തുടര്യാത്രക്കൊരുങ്ങി. സീതത്തോട് ജങ്ക്ഷനില് എന്നെ കാത്തുനില്ക്കുന്ന ജീപ്പ് ഡ്രൈവര് ഷിനു ചേട്ടന്റെ സമീപത്തെത്തി ..
അവിടെ എന്നെയും കാത്ത് തീരെ പ്രതീക്ഷിക്കാത്ത ഒരാള്കൂടിയുണ്ടായിരുന്നു. ഗവിയെ കൈവെള്ളയിലെ രേഖപോലെ കൊണ്ട് നടക്കുന്ന പ്രകൃതി സ്നേഹിയായ റോഷന്. ആരായാലും വേണ്ടില്ല വരുന്നവര്ക്ക് ഗവിയെ പൂര്ണമായി മനസ്സിലാക്കി കൊടുക്കുക ഒപ്പം സ്വയം അനുഭവിക്കുക എന്ന ലക്ഷ്യം മാത്രം.. പണത്തിനു വേണ്ടിയല്ല ചെയ്യുന്നത് എന്ന് ചുരുക്കം...
'ചേട്ടാ ഞാനും കൂടെ വരാം.. എനിക്ക് ഇവിടെ കുറെ സ്ഥലങ്ങള് അറിയാം '
ഒന്ന് സംശയിച്ചെങ്കിലും ഞാന് എസ് പറഞ്ഞു ...
ജീപ്പ് ആങ്ങാമൂഴി സ്റ്റേഷനില് എത്തിയപ്പോഴേക്കും രാജേഷ് പാസ്സ് കൊണ്ടുവന്നു തന്ന് ശുഭയാത്ര നേര്ന്നു. വെളുപ്പിനേ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തേണ്ട അദ്ദേഹത്തിനെ പിന്നെയും മൂന്നു മണിക്കൂറോളം പിടിച്ചുവെച്ചതിന് ക്ഷമാപണത്തില് പൊതിഞ്ഞ നന്ദി കലര്ന്ന പുഞ്ചിരി സമ്മാനിച്ചു ജീപ്പ് മുന്നോട്ടെടുത്തു.....
സൂര്യന് കത്തിതുടങ്ങിയിരുന്നു. ഉരുളന്കല്ലുകള് പരവതാനി വിരിച്ച ഉയര്ച്ചകളിലൂടെയുള്ള പ്രയാണത്തെ ആ ചൂട് ഏറെ ആലോസരപ്പെടുതിയെങ്കിലും മടുപ്പുളവാക്കിയില്ല..
ആദ്യം മൂഴിയാര് ഡാം... പിന്നെ കക്കി ഡാം, ഉറക്കെ വിളിച്ചാല് നാല് ദിക്കില് നിന്നും പ്രതിധ്വനി പുറപ്പെടുവിക്കുന്ന എക്കോ പാറ , പിന്നെ ആനത്തോട്, കൊച്ചുപമ്പ ഡാമുകള് പിന്നിട്ട് ഗവിയിലേക്ക്...
ഒരു പ്രൊഫെഷണല് ഗൈഡിനെ ഏറെ പിന്നിലാക്കുന്ന റോഷന്റെ അറിവുകളില് ഞാന് അത്ഭുതപ്പെട്ടുപോയി... പ്രവേശനം നിഷിദ്ധമായിരുന്ന പല സ്ഥലങ്ങളും അവന്റെ സ്വാധീനതാലും ... ഊടുവഴികളുടെ അറിവിനാലും എനിക്ക് ആസ്വദിക്കാന് പറ്റി. എക്കോ പാറക്ക് എതിര്വശം മധുരനാരകം നില്പ്പുണ്ട് എന്ന് പറഞ്ഞ് അവിടേക്ക് കൂട്ടിക്കൊണ്ടുപോയി . മരമെതിയതും ഒരു അഭ്യാസിയെപ്പോലെ ചാടിക്കയറി പാകമായത് പറിച്ചു തന്നു.
വീതി കുറഞ്ഞ റോഡുകളിലേക്ക് ചാഞ്ഞു നില്ക്കുന്ന ഈറ്റകള്ക്ക് നടുവിലൂടെ... ഓടി മറയുന്ന മാന്കൂട്ടങ്ങള്ക്ക് നടുവിലൂടെ.... ഗാംഭീര്യത്തോടെ പുല്മേടുകളില് മേയുന്ന കാട്ടുപോത്തുകളുടെ കണ്ണിലെ തീക്ഷ്ണത ഒപ്പിയെടുത് ...... ദാഹം തീര്ക്കാന് പുഴയിലെക്കിറങ്ങുന്ന കുട്ടിയാനക്കൂട്ടങ്ങളെ കണ്ട് .... ചൂട് മാറാത്ത ആനപ്പിണ്ടങ്ങളെ അനുഗമിച്ചു മരങ്ങള്ക്കിടയില് മറഞ്ഞിരിക്കുന്ന ഒറ്റയാനെ പ്രതീക്ഷിച്ച്.... കാറ്റിന്റെ മൂളിപ്പാട്ടിന്റെ ലഹരിയില് സ്വയം മറന്നുള്ള ആ യാത്ര തന്നെയാണ് ഗവി എന്ന ചെറിയ പ്രദേശത്തെ പരിമിതമായ കാഴ്ചകളെക്കാള് ഒരു സഞ്ചാരിക്ക് പ്രിയപ്പെട്ടത് എന്നാണു എനിക്ക് തോന്നിയത്...
പ്രകൃതി തന്റെ പൂര്ണമായ കഴിവുകളര്പ്പിച്ചു മെനെഞ്ഞെടുത്ത ജീവനുള്ള ചിത്രം... അതാണ് സീതതോട് മുതല് ഗവി വരെയുള്ള പ്രദേശങ്ങള് ...
ഓരോ ശ്വാസത്തിലും പ്രകൃതിയെ മനസ്സില് ആവാഹിചെടുക്കാന് താല്പര്യമുള്ളവര്ക്ക് സഞ്ചാരതിനായി തെരഞ്ഞെടുക്കാന് പറ്റിയ നല്ല സ്ഥലങ്ങളില് ഒന്ന്. ഹൃദയസ്പര്ശിയായ ഒരു സിനിമ കാണുന്ന പ്രതീതിയാണ് ഇവിടേക്കുള്ള യാത്ര. ക്ലൈമാക്സ് വരെ ഒരു സീന് പോലും ബോറടിപ്പിക്കുന്നില്ല.
ഇവളെ പിരിയുന്ന നൊമ്പരം ജലരൂപമെടുത്തു കണ്കോണുകളില് ഊറിക്കൂടാതെ........, മനസ്സില് അകാരണമായൊരു ശൂന്യത സൃഷ്ടിക്കാതെ ആരും ഇന്നോളം ആ ഇറക്കമിറങ്ങിയിട്ടുണ്ടാവില്ല...
അപ്പോഴും മലയിറങ്ങി വരുന്ന കുളിര്കാറ്റായി അവരുടെ കവിളുകളില് താഴുകിക്കൊണ്ടിരിക്കുന്നുണ്ടാവും അവള്....
സാന്ത്വനം സ്നേഹത്തില് ചാലിച്ച യാത്രാമൊഴി പോലെ.....
തിരികെയിരങ്ങിയത് വണ്ടിപ്പെരിയാര് വഴിയായിരുന്നു. ഭക്ഷണവും കഴിച്ചു നേരെ സീതത്തോട് പോകാന് വിചാരിച്ചിരുന്ന ഷിനു ചേട്ടനോട് റോഷന് പറഞ്ഞു.
"എന്തായാലും പരുന്തന് പാറ കൂടി കവര് ചെയ്യാം .. ഇത്രേം ദൂരം വന്നതല്ലേ.?
ആ നിര്ദേശം എനിക്കും ഇഷ്ടമായി.. അപ്പോഴാണ് അങ്ങിനെയും ഒരു സ്ഥലമുണ്ടെന്നു ഞാന് അറിയുന്നതുതന്നെ. ക്ഷണനേരത്തില് പരുന്തന് പാറയുടെ ഏകദേശ രൂപം എന്റെ മനസ്സില് വരച്ചിടാന് അവനായി. നഗരപ്രദേശങ്ങള് പിന്നിട്ട് ഞങ്ങള് അടിവാരമെത്തി. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള മല കയറ്റം ഒട്ടും സുഖകരമായിരുന്നില്ല... മാത്രമല്ല ഭയങ്കര തിരക്കായിരുന്നു അവിടെ.. കുട്ടികളും കുടുംബങ്ങളുമായി ഒരുപാട് പേര്.. പൊതുവേ എനിക്ക് തിരക്കുള്ള സ്ഥലങ്ങളില് പോകുന്നത് തീരെ ഇഷ്ടമാല്ലാതതുകൊണ്ടും ആയിരിക്കണം ഒരു മടുപ്പെന്നെ ബാധിച്ചു.. ഞാന് റോഷനോട് അല്പം രോഷാകുലനായിത്തന്നെ തുറന്നു പറയുകയും ചെയ്തു അത്.. അവന് അത് ചിരിച്ചു തള്ളി...
കുറച്ചു കഴിഞ്ഞപ്പോഴാണ് ആ ചിരിയുടെ അര്ത്ഥം എനിക്ക് മനസ്സിലായത്...
വലിയൊരു വിസ്മയം തന്നെയായിരുന്നു അങ്ങേയറ്റത്ത് ഞങ്ങളെ കാത്തിരുന്നത്.
വളരെയേറെ ശ്രദ്ധിച്ചുമാത്രം ഇറങ്ങാന് കഴിയുന്ന തൂക്കുപാലം ഷേയ്പ്പില് ഉള്ള ഒരു നടപ്പാത.. ഇരുവശവും അഗാധമായ കൊക്ക.. തുടക്കത്തില് വീതിയുള്ള നടപ്പാത മധ്യഭാഗം എത്തുമ്പോള് ഏതാണ്ട് പത്തടിയോളമായി ചുരുങ്ങും . അങ്ങിനെ കുറച്ചു ദൂരം മുന്നോട്ടുപോയാല് പിന്നെ പാതയ്ക്ക് വീതി കൂടിക്കൂടി വരും. അവസാനം ആരംഭത്തില് തന്നെയുള്ള വീതി കൈവരും.
ചരല്ക്കല്ലുകള് നിറഞ്ഞ ആ വഴിയിലൂടെയുള്ള യാത്ര അല്പം അപകടകരം തന്നെയാണ്. അതുകൊണ്ട് തന്നെ അധികമാരും ഈ ഭാഗത്തെ സൌന്ദര്യം ദൂരെ നിന്നും ആസ്വദിക്കുന്നവരാന് അധികവും.
ഇരുവശത്തുനിന്നും വലിയ വലിയ പന്തുരൂപങ്ങളായി മഞ്ഞ് ഉയര്ന്നു പൊങ്ങി വെന്മേഘങ്ങളില് അലിഞ്ഞു ചേരുന്നു ... പലപ്പോഴും ഈ മഞ്ഞിന് പന്തുകള് വഴിയെ മറച്ചു വെക്കും.. അല്പനേരത്തിനോടുവില് വഴി തെളിയുകയും ചെയ്യും... അങ്ങിനെ ഇരുന്നും നിരങ്ങിയും ആ പാതയുടെ അവസാനം തലയുയര്ത്തി നില്ക്കുന്ന പാറയുടെ തുഞ്ചത്തെത്തി നമ്മളെതന്നെ പ്രകൃതിക്ക് അര്പ്പിച്ചുകൊണ്ടൊരു നില്പ്പുണ്ട്.. തൊട്ടു മുന്പിലുള്ള കാഴ്ച മറച്ചു മഞ്ഞുയര്ന്നു പൊങ്ങുമ്പോള് ഉള്ള പരസ്പരം കാണാതെയുള്ള വിളികളും പൊട്ടിച്ചിരികളും ഏറെ നേരം നീണ്ടു... നോക്കിനില്ക്കുമ്പോള് തന്നെ മഞ്ഞുപന്തുകള് വലുതായി വരികയും, അത് എണ്ണത്തില് കൂടുകയും വഴി ഇരുണ്ടു തുടങ്ങുകയും ചെയ്തു തുടങ്ങിയിരുന്നു.. മനസ്സില്ലാ മനസ്സോടെ പരുന്തന് പാറ ഇറങ്ങുമ്പോള് സൂര്യന് അസ്തമിച്ചിരുന്നു.. പുറത്തുവരാന് കൊതിക്കുന്ന നിലാവിനെ മൂടി കാര്മേഘങ്ങളും വന്നു തുടങ്ങിയിരുന്നു..
തിരികെ മുണ്ടക്കയം വഴി ഒരു ചെറിയ വെള്ളചാട്ടതിനടുതെതി. മഴ മാറി നിന്നതിനാല് ജലപാതം നേര്ത്ത രേഖകളായി മാറിയിരുന്നു. (ഇതിന്റെ പേര് അറിയാമായിരുന്നു.. ഇപ്പോള് ഓര്ത്തിട്ടു കിട്ടുന്നില്ല. ഒരു വര്ഷം ആയി ഈ യാത്ര പോയിട്ട്) നിറയെ ചായക്കടകള് നിരന്നിരുന്നു അതിനു ചുവട്ടിലുള്ള റോഡില്. അവിടെ നിന്നും ഓരോ ചായയും പരന്ന ഷേയ്പ്പിലുള്ള ഉള്ളിവടയും കഴിച്ച് തിരികെ സീതതോടിലേക്ക്.
"മഴയുടെ ലക്ഷണം ഉണ്ട് ചേട്ടാ. എരുമേലി റൂട്ട് പോകാം.. ചിലപ്പോള് ചില കാഴ്ചകള് കിട്ടും "
റോഷന് ഷിനു ചേട്ടനോട് പറഞ്ഞു. ഷിനു എന്നെ നോക്കി. രാവിലെ മുതലുള്ള അവന്റെ പ്രവര്ത്തികളില് അങ്ങേയറ്റം സന്തോഷിക്കുകയും വിശ്വാസമാകുകയും ചെയ്തതിനാല് എനിക്കും ഒരു എതിര്വാക് ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ അവന് പറഞ്ഞത് പോലെ ചെയ്യാം എന്ന് പറഞ്ഞു.
വണ്ടിയെടുത്ത് ഉദ്ദേശം ഒരു കിലോമീറ്റെര് പിന്നിട്ടു കാണും. മാറി നിന്നിരുന്ന മഴ തണുത്ത കാറ്റിനൊപ്പം ഒരു മിന്നലിനെ ഭൂമിയിലേക്ക് പറഞ്ഞയച്ചു തന്റെ വരവറിയിക്കാന് അകമ്പടിയായി ഒരിടിയും...
വരണ്ടിരുന്ന ഭൂമിയെ ഇനിയും ഏറെനേരം കാത്തിരിക്കാന് വിടാതെ മഴ തന്റെ ആദ്യതുള്ളി അവള്ക്കുമേല് ഇറ്റിച്ചു.. പിന്നെ ആയിരമായിരം കൈകളാല് തലോടി. മണ്ണ് തണുത്തു... ഞങ്ങളുടെ മനസ്സും..
ഒരുപക്ഷെ ആ മഴയില്ലായിരുന്നെങ്കില് അതു വലിയൊരു കുറവ് തന്നെയാകുമായിരുന്നു.
നഗരമുഖങ്ങളും ഗ്രാമമുഖങ്ങളും താണ്ടി വീണ്ടും വനപ്രദേശത്തേക്ക് ഞങ്ങള് എത്തിപ്പെട്ടു. കോരിച്ചൊരിയുന്ന മഴയില് ഏറെ ആയാസകരമായിരുന്നു ഡ്രൈവിംഗ് എങ്കിലും ഷിനുചേട്ടന് അതാസ്വദിക്കുന്നുണ്ടായിരുന്നു. വഴിയിലോരിടത് രണ്ടുപേര് ബൈക്കില് ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങള് അവരെ കടന്നു മുന്നോട്ടുപോന്നതും അവര് ഞങ്ങള്ക്ക് പിന്നാലെ വെച്ചുപിടിച്ചു. അപ്പോഴാണ് മനസ്സിലായത് അവര് ഏതെങ്കിലും ഒരു വണ്ടി വരുന്നതും നോക്കി നില്ക്കുകയായിരുന്നു എന്ന്. അവിടന്നങ്ങോട്ട് കുറച്ചു ദൂരം ആനത്താരയാണ്. മഴ പെയ്തതിനാല് ഏതു സമയത്തും അവര് ഇറങ്ങാന് സാധ്യതയുണ്ട്... വീശിയടിക്കുന്ന കാറ്റില് ഈറ്റകളെല്ലാം റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്നു. ഓരോ വളവിലും വളരെ പതുക്കെയാണ് ഡ്രൈവ് ചെയ്തിരുന്നത്.. എപ്പോള് വേണമെങ്കിലും റോഡില് ആനക്കൂട്ടമുണ്ടാവും എന്ന പ്രതീക്ഷയില്... പക്ഷെ നിരാശയായിരുന്നു ഫലം..
വനമേഖല താണ്ടി അടുത്ത പ്രദേശം എത്തിയപ്പോള് ബൈക്ക് യാത്രികര് മുന്നില് കയറി ഞങ്ങളോട് നന്ദിയും പറഞ്ഞു പോയി. മഴ കനം കുറഞ്ഞു വന്നു. തിരികെ സീതതോടെതിയപ്പോള് റോഷന് പറഞ്ഞു
"ഇവിടടുത്ത് തേക്ക്തോട് എന്നൊരു സ്ഥലം കൂടിയുണ്ട്. രാവിലെ അതുകൂടി കവര് ചെയ്തോളൂ... എനിക്ക് വരാന് പറ്റില്ല.. ജോലിയുണ്ട്.. ഇവിടന്നു ഇരുപതു കിലോമീറ്റര് മാത്രമേ ഉള്ളൂ.. വര്ഷങ്ങളോളം പഴക്കമുള്ള ഒരു ശിവക്ഷേത്രം ഉണ്ട് അവിടെ. ശിവരാത്രിക്ക് മാത്രം പൂജയുള്ള ഒരു ക്ഷേത്രം. "ആളുവാങ്കുടി ക്ഷേത്രം.... " ശിവരാത്രി പിറ്റേന്ന് ആന, കാട്ടുപോത്ത്, മാന് എന്ന് വേണ്ട എല്ലാ മൃഗങ്ങളും വരും അന്നേ ദിവസത്തെ സദ്യയുടെ ബാക്കി കഴിക്കാന് . ഒരര്ത്ഥത്തില് ബാക്കിവരാന് മനപ്പൂര്വ്വം ആണ് അന്നവിടെ സദ്യയുണ്ടാക്കുന്നത്. "
പിറ്റേന്നു മുഴുവന് വിശ്രമിച്ച് ഉച്ചക്ക് ശേഷം തിരിക്കാന് തീരുമാനിച്ച എനിക്ക് അതൊരു പ്രലോഭനമായിരുന്നു. ഏതായാലും ഉച്ചവരെ വെറുതെ ഇരിക്കണം.. എന്നാല് പിന്നെ എന്തുകൊണ്ട് ആലോചിച്ചുകൂടാ.. ബൈക്ക് പോകും.. എന്നാലും ബൈക്കില് പോകണ്ട എന്ന റോഷന്റെ അഭിപ്രായം മാനിച്ച് ഷിനുചേട്ടനെ നോക്കിയപ്പോള് നാളെ വേറൊരു പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞു.. അപ്പോള് തന്നെ പുള്ളി വേറെ ഒരു വണ്ടി അറേഞ്ച് ചെയ്തു.
അത്താഴത്തിനു ശേഷം പിരിയാന് നേരം ഷിനു ചേട്ടന് ഞങ്ങളോടായി പറഞ്ഞു.
"ഒരു നിവൃത്തിയും ഇല്ലാതെയാണ് നാളത്തെ കാര്യം ഒഴിവാക്കാന് പറ്റാത്തത് . എന്തായാലും നാളെ ഞാന് മൂന്ന് മണിക്ക് മുന്പേ എത്തും. വീട്ടില് നിന്നും പാകം ചെയ്ത സ്പെഷ്യല് കപ്പയും തോട്ട് മീന് കറിയും.. മീന് പൊരിച്ചതുമായി ഒന്ന് കൂടിയിട്ടു പോകാം. "
ശരി എന്ന് പറഞ്ഞു ശുഭരാത്രി പറഞ്ഞു പിരിഞ്ഞു ഞാന് റൂമില് പോയി. റൂമില് കരുതിയിരുന്ന "മാന്ത്രിക നിമിഷങ്ങളില്" മൂന്നെണ്ണം സോഡയും ചേര്ത്ത് ആവാഹായ സ്വാഹാ...
പിറ്റേന്ന് രാവിലെ എട്ടു മണിക്ക് ജോസേട്ടന് റെഡിയായി വന്നു. അന്നത്തെ സാരഥി.
പ്രാതലും കഴിച്ച് നേരെ തെക്ക്തോട്ടിലേക്ക്... ഉരുളങ്കല്ലുകള്ക്ക് മീതെ തത്തിക്കളിച്ച് ജീപ്പ് " ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്" എന്ന മട്ടില് കയറ്റം കയറി... ഇടതൂര്ന്ന വനത്തിലെ പൊതുവേയുള്ള തണുപ്പിന് തലേന്നത്തെ മഴ ആക്കം കൂട്ടി.. കണ്ണ് തുറുപ്പിച്ചു കാട് വട്ടം കറക്കിയിട്ടും ഒരു മൃഗത്തിനെപ്പോലും കണ്ടില്ല. കാര്യം പറഞ്ഞ എന്നോട് ജോസേട്ടന് പറഞ്ഞു
"ആനേം പുലീം ഒക്കെ ഉണ്ട് എങ്കിലും ഇവടെ മറ്റേ ഐറ്റംസാ കൂടുതല് .. പാമ്പുകള്... വെമ്പാല തൊട്ട് സകല സാധനങ്ങളും ഉണ്ട്'
മറുപടിയൊന്നും പറഞ്ഞില്ല. ജീപ്പ് ഒരു കാട്ടുചോലയെ കീറിമുറിച്ചു മുന്നോട്ടു പോയി.. അടുത്ത വളവില് ഒരു മരം വീണ്ടും വഴി മുടക്കിയായി. നിറയെ മുള്ളുകളുള്ള ഒരു മരം. അവിടെനിന്നും കിട്ടിയ കംബുമെടുത്തു ഞങ്ങള് ഏറെനേരത്തെ ശ്രമത്തിനൊടുവില് പോകാനുള്ള വഴിയൊരുക്കി. വഴിനീളെ ചിന്ത, തിട്ടപ്പെടുതാനാവാത്ത നൂറു കണക്കിന് വര്ഷത്തില്പരം പഴക്കമുള്ള ക്ഷേത്രത്തിനു വഴിമാറി .....
എന്റെ മനസ്സ് " ഇടിഞ്ഞു തുടങ്ങിയ ഗോപുരങ്ങളും പൊട്ടിപ്പൊളിഞ്ഞ നടപ്പാതയും വിണ്ടു നില്ക്കുന്ന ശീവേലിക്കല്ലും ഒക്കെയായി ഒരു ജലച്ചായ ചിത്രം തീര്ത്തു".
കൂട്ടത്തില് ജോസേട്ടന്റെ വിവരണവും..
"പണ്ടൊരു ക്രിസ്താനി മുതലാളി ഉണ്ടായിരുന്നു. മൂപ്പര് ഇടയ്ക്കിടെ തോക്കും എടുത്തു വേട്ടക്ക് ഇറങ്ങും. ഒരു ദിവസം മൂപര് ഒരു പുലിയുടെ മുന്നില് പെട്ടു.. തോക്കെടുത്ത് വെടിവെക്കാന് നേരം അയാള്ക്ക് ഒന്നിനും കഴിഞ്ഞില്ല.. ബോധം കേട്ട് വീണ അയാള് കണ്ണ് തുറക്കുമ്പോള് ചുറ്റിനും ഇരുട്ടായിരുന്നത്രേ. അപ്പോള് അവിടെ ഒരു കല്ലില് നിന്നും വന്ന പ്രകാശം അയാളെ വഴി നടത്തിയെന്നും ആ പ്രകാശം പറഞ്ഞതനുസരിച്ചാണ് പിന്നീട് അമ്പലമുണ്ടായതെന്നൊക്കെ കഥയുണ്ട് എന്ന്".
അതും കൂടി കേട്ടതോടെ ജീപ്പിനു വേഗത പോര എന്നൊരു തോന്നല്...
പക്ഷെ കഥ വേറൊന്നായിരുന്നു. കൊടും വളവു തിരിഞ്ഞു ക്ഷേത്രത്തിനു മുന്നിലെത്തിയ ഞാന് അക്ഷരാര്ത്ഥത്തില് ഞെട്ടിപ്പോയി..
പ്രകൃതി സൌന്ദര്യത്തിനു നടുക്ക് പുല്മേടിനു മുകളില് പെയില് യെല്ലോ കളറില് ബ്ലാക്ക് ബോര്ടരുകള് അലങ്കരിച്ച ഒരു കോണ്ക്രീറ്റ് സമുച്ചയം ഉണ്ടാക്കി വെച്ചിരിക്കുന്നു.
അതിനടുത്തേക്ക് തന്നെ പോയില്ല.
"നമുക്ക് തിരിച്ചു പോകാം ജോസേട്ടാ"
ജീപ്പില് നിന്നിറങ്ങാതെ ഞാന് പറഞ്ഞു.
പിന്നീട് ജോസേട്ടന്റെ നിര്ബന്ധത്തില് ഇറങ്ങി.. ഒറ്റ സ്ട്രെച്ചില് ഇങ്ങോട്ട് ഡ്രൈവ് ചെയ്തതല്ലേ അല്പം ഇരുന്നിട്ട് പോകാം. അവിടെ ഒരു കുളം കണ്ടത് മാത്രം മിച്ചം.. ഇന്നേവരെ ആര്ക്കും ആഴമറിയാന് സാധിചിട്ടില്ലാത്ത പൊടിപ്പായാല് പച്ച നിറം പകര്ന്ന ഒരു കുളം.. അതിനങ്ങേ വശത്തായി ആദിവാസികള് പൂജിക്കുന്ന കുറച്ചു രൂപമില്ലാത്ത പ്രതിമകള് കണ്ടു. വള്ളിപ്പടര്പ്പുകള്ക്കിടയില് ഇടയ്ക്കിടെ ചുവന്ന പട്ടുതുണികളും കല്ലുകളും കെട്ടിതൂക്കിയിട്ടിരിക്കുന്നു. ബലിക്കല്ല് പോലെയുള്ള ഒരു കല്ലിനു മുകളില് ഉണങ്ങിതുടങ്ങിയ വെറ്റിലകളും പാക്കും...
"ഇതെന്തു പൂജാവിധികളാണ്? ഇതേതാണ് മൂര്ത്തി എന്നൊക്കെ അറിയോ ജോസേട്ടാ? "
ചോദ്യത്തിന് മറുപടിയായി അറിയില്ല എന്നര്ത്ഥത്തില് ചുമല് കൂചി ജോസേട്ടന് ഒരു ബീടിക്കു തീ കൊളുത്തി.
തിരികെവരുമ്പോള് കാറ്റഴിച്ചുവിട്ട ബലൂണ് പോലത്തെ മനസ്സുമായി ജീപ്പിലിരുന്ന എന്നോട് ജോസേട്ടന് ചോദിച്ചു.
പ്രതീക്ഷിച്ച പോലെ അല്ലാ ല്ലേ... ?
"അല്ലെങ്കിലും എല്ലാം പ്രതീക്ഷിച്ച പോലെയാവില്ലല്ലോ ..."
ഞാനൊന്നു ചിരിച്ചു..
പിന്നെ മൂപ്പര് ഒന്നും മിണ്ടാതെ ഒരിടത്തേക്ക് കൊണ്ടുപോയി. എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ല.. അന്നത്തെ അജണ്ടയില് ഇല്ലാത്ത കാര്യം...
ജീപ്പ് കൊണ്ട് നിര്ത്തിയത് ഒരു തുരങ്കത്തിനു സമീപമായിരുന്നു.. ഗ്രില്ലുകളാല് മറച്ച അറ്റം കാണാത്ത ഒരു തുരങ്കം... തൊട്ടരികെ മുകള്വശത്തായി ഒരു കൊമ്ബൌണ്ടില് വലിയൊരു കിണര്. അത് കാണാന് വേണ്ടി വശങ്ങളിലൂടെയുള്ള ചവിട്ടുപടികളില്ക്കൂടി മുകളിലേക്ക് കയറിയിട്ടും പൂര്ണമായി കാണാന് കഴിഞ്ഞില്ല.
ഉയര്ന്നു പോകുന്ന ചവിട്ടുപടികള് എങ്ങോട്ടാണെന്ന് അറിയാനുള്ള ആകാംഷയോടെ ഞാന് പടികളോന്നോന്നായി കയറിത്തുടങ്ങി. ഓരോ പടികളിലും അത് സ്പോണ്സര് ചെയ്തവരുടെ പേരുകള് എഴുതിവെച്ചിരിക്കുന്നു. ഉദ്ദേശം മുന്നൂറോളം പടികള് കയറിയാല് എത്തുന്നത് വലിയൊരു കുന്നിലെ ശിവക്ഷേത്രത്തില് ആണ്.. ആളും അനക്കവും ഉണ്ടായിരുന്നില്ലെങ്കിലും പഴമ വിളിച്ചോതുന്ന ഒരു ക്ഷേത്രം... അതിലുമേറെ എന്നെ സ്വാധീനിച്ചത് ചുറ്റുവട്ടങ്ങളിലുള്ള കാഴ്ചകളായിരുന്നു...
കുറച്ചു നേരം അവിടെ ചിലവഴിച്ച് താഴേക്കിറങ്ങി ജോസെട്ടനോടൊപ്പം ഉച്ച ഭക്ഷണവും കഴിച്ച് തിരിച്ചു റൂമിലെത്തി.
മൂന്നു ദിവസത്തിനിടെ ആറുമണിക്കൂര് നേരത്തെ ഉറക്കം മാറ്റി നിര്തിയാല് വിശ്രമം എന്നൊന്ന് ഉണ്ടായിരുന്നില്ല. തിരിച്ചു പോകാം എന്ന ചിന്ത മനസ്സിനെ കീഴ്പ്പെടുതിക്കൊണ്ടിരുന്നു..
അപ്പോഴാണ് ഷിനു ചേട്ടന്റെ ഫോണ് .. മൂപ്പര് വരാന് അഞ്ചുമണി കഴിയും എന്ന്.. ഇന്ന് രാത്രികൂടി തങ്ങി നാളെ പോകാം എന്നൊരു അപേക്ഷയും.
ഇനിയൊരിക്കല് കൂടാം എന്ന് പറഞ്ഞു റോഷനെയും വിളിച്ചു യാത്ര പറഞ്ഞു ഞാന് ഇറക്കമിറങ്ങി...
ഒരു പക്ഷെ ആ ക്ഷേത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷിച്ചതിനാലാവാം എന്റെ മനസ്സിന് ഒരു മടുപ്പുളവാക്കിയത്.... കോണ്ക്രീറ്റ് സമുച്ചയം മാറ്റിനിര്ത്തിയാല് തെക്ക്ത്തോടും പ്രകൃതി സൌന്ദര്യതാല് അനുഗ്രഹീതമായ സ്ഥലം തന്നെയാണ്.
ഒരു പിടി നല്ല ഓർമ്മകളെ സമ്മാനിച്ച ആ യാത്ര മനസ്സിൽ മരിക്കാതെ ഉണ്ടാവും. അതിലും വലിയ കാര്യമാണ് റോഷനും ഷിനു ചേട്ടനും "ഒന്നൂടെ വരൂ " എന്നും പറഞ്ഞ് ഏറെ വർഷത്തിനിപ്പുറവും വിളിച്ചു കൊണ്ടിരിക്കുന്നത് ...
Comments
Post a Comment