ചിന്നിച്ചിതറുന്ന മുത്തുമണികള്‍ 


ഒരു സുഖമില്ല. രണ്ടുദിവസം എവിടെക്കെങ്ങിലും  ഒന്ന് മാറിനില്‍ക്കാം’  എന്റെ "മനസ്സ്" എന്നോട് പറയുന്നതുപോലെ തോന്നി...

സത്യം പറഞ്ഞാല്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിന് ഞാന്‍ ശരിക്കും ആശങ്കയിലാണ്ടു. ഗൂഗിളില്‍ തിരഞ്ഞ തിരച്ചിലിനൊടുവില്‍ ഏതോ ഒരു നിയോഗം പോലെ കണ്ണുകള്‍ ഒരു മൊബൈല്‍ നമ്പറില്‍ ഉടക്കിനിന്നു, ഒന്നുരണ്ടു റിങ്ങിന് ശേഷം ഫോണ്‍ എടുക്കപ്പെട്ടു. നല്ല ഒരു ജോലിയുണ്ടായിട്ടും അത് രാജിവെച്ച് പ്രകൃതി പ്രണയത്തില്‍ മുഴുകുന്ന പ്രിയപ്പെട്ട ബെന്നി ചേട്ടനെ പരിചയപ്പെട്ടത്‌ അങ്ങിനെയാണ്.

പറഞ്ഞുറപ്പിച്ചത് പ്രകാരം രാവിലെ ആറുമണിക്ക് വാടകക്കെടുത്ത കാറില്‍ യാത്ര തുടങ്ങിവെച്ചു. എപ്പോഴത്തെയും പോലെ ചിനക്കത്തൂരമ്മയെ പുറത്തുനിന്നും കണ്ടിട്ട് അവിടെനിന്നും ഇറങ്ങി.. അല്‍പ സമയത്തെ യാത്രക്ക് ശേഷം ഇനിയങ്ങോട്ട് കയറിപൊട്ടാനായി ശ്രീകൃഷ്ണ ഹോട്ടലില്‍ കയറി ഒരു മസാലദോശ അടിമരുന്നായി ഇട്ടു. 

ആ റൂട്ടില്‍ യാത്ര ചെയ്യുമ്പോഴുള്ള ഈ ശീലത്തിനും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. കൃഷ്ണേട്ടന്റെ മസാലയില്‍ തുടങ്ങുന്ന യാത്രകള്‍ എന്നും നിറയെ സന്തോഷങ്ങള്‍ക്കൊപ്പം പ്രതീക്ഷിക്കാത്ത ചിലതുകൂടി സമ്മാനിക്കാറുണ്ട്. അതുകൊണ്ടുതന്നെ യാത്രകളുടെ രാശിയായി രുചിയുടെ അങ്ങേയറ്റം മുട്ടിക്കുന്ന കൃഷ്ണേട്ടന്റെ മസാലദോശയെ ഞാന്‍ കണക്കാക്കുന്നു.

വളരെ സാവധാനത്തിലുള്ള  യാത്ര പാലക്കാടിന്റെ നഗരമുഖങ്ങളെ ഒഴിവാക്കി ഉണക്കുഗ്രാമങ്ങളിലെ പൊടിമണ്ണിലൂടെ പുരോഗമിച്ചു. തമിഴ്നാടിന്റെ മണ്ണിലേക്ക് കാലെടുത്തു വെക്കുന്നതിനു മുന്പായി സുന്ദരപുരം എന്നൊരു ബോര്‍ഡ് കണ്ണിലുടക്കി. പിന്നെ ആ ഗ്രാമത്തിലോരിടത് വലിയൊരു പുളിമരത്തിന്റെ തണലില്‍ അല്‍പനേരം വിശ്രമം,. ചിലപേരുകള്‍ അര്‍ത്ഥവത്താണ് എന്ന് സമര്തിക്കുംവിധമായിരുന്നു സുന്ദരപുരത്തിലെ സുന്ദര കാഴ്ചകള്‍..

തമിഴ്നാടിലെ സൈന്‍ ബോര്‍ഡ് നോക്കിയുള്ള യാത്രകള്‍ തമിഴ് അറിയുന്നവര്‍ക്ക് മാത്രമേ സാധിക്കൂ എന്ന സ്ഥിതിയാണ്. ഇവര്‍ക്ക് ഇംഗ്ലീഷില്‍ക്കൂടി ഒന്ന് എഴുതിക്കൂടെ എന്ന തോന്നലിനും വര്‍ഷങ്ങളുടെ ആവര്‍ത്തന വിരസതയുണ്ട്. ചാടിചാടിയുള്ള യാത്രക്ക് വിരാമമിട്ടു 

ഇരുവശങ്ങളിലും പച്ചക്കുടപിടിച്ച മരങ്ങള്‍ക്ക് നടുവില്‍ കറുത്ത പരവതാനി പോലെ തിളക്കമേറിയ വടിവൊത്ത റോഡുകള്‍ നീണ്ടു കിടന്നു.

അവിടുത്തെ ചെക്ക്‌ പോസ്റ്റില്‍ (ആനമല ആണെന്ന് തോന്നുന്നു) അഞ്ഞൂറ് രൂപ ഫീസ്‌ കൊടുത്തു അന്നൊരു പാഠം പഠിചു. ലൈസന്‍സ് ഇല്ലാതെ നടത്തുന്ന റെന്റ് എ കാര്‍ സര്‍വിസുകളില്‍നിന്നും എടുക്കുന്ന വാഹനങ്ങള്‍ റെന്‍റെഡ്‌ വെഹിക്കിള്‍ ആണെന്ന് ഒരിക്കലും തുറന്നു പറയരുതെന്ന പാഠം. വേണമെങ്കില്‍ കൂട്ടുകാരന്റെത് എന്ന് പറയാം എന്നൊരു സൌജന്യ ഉപദേശം തമിള്‍ച്ചുവയിലുള്ള മലയാളത്തില്‍ എനിക്കുതന്നു പോലീസുകാരന്‍ കുംഭ കുലുക്കി ചിരിച്ചു.

ഗൌരവപൂര്‍ണമായ മൂളലുകളുമായി വിന്‍ഡ്മില്ലുകളുടെ കറക്കങ്ങള്‍ക്കൊപ്പം ഓട്ടുഗ്ലാസ്സില്‍ കുടിച്ച കുംഭകോണം ഫില്‍റ്റെര്‍ കോഫിയുടെ സ്വാദും എടുത്തുപിടിച്ച റോഡ്‌, ഉദുമല്‍പേട്ടിലെ തിരക്കില്‍ വന്നു തിരിഞ്ഞു നിന്നു. ഇനിയങ്ങോട്ട് ഉദുമല്‍പേട്ട് – മൂന്നാര്‍ റോഡ്‌.

നഗരമുഖങ്ങളും ഗ്രാമമുഖങ്ങളും താണ്ടി പതിയെ കാടിന്‍റെ തണുപ്പിലേക്ക് ഊര്‍ന്നിറങ്ങി. ഇടയ്ക്കു മനോഹരമെന്നു തോന്നിച്ച പല സ്ഥലങ്ങളിലും നിര്‍ത്തി ആസ്വദിച്ചു മനസ്സിനെ തൃപ്ത്തിപ്പെടുത്തിയിട്ടുതന്നെയാണ് മുന്നോട്ടു പോയത്. ഇടതടവില്ലാതെ മാനുകളും പന്നിക്കൂട്ടങ്ങളും മേയുന്നുണ്ടായിരുന്നു. ഉദുമല്‍പേട്ടില്‍ നിന്നും ഏകദേശം മുപ്പത്തിയേഴ് കിലോമീറ്റെര്‍ പിന്നിട്ടപ്പോള്‍ മുന്നില്‍ ചിന്നാര്‍ വന്യജീവി സങ്കേതം തലയുയര്‍ത്തിപ്പിടിച്ചു നിന്നപ്പോള്‍ സമയം മൂന്നു മണിയോട് അടുത്തിരുന്നു..  അവിടെ  ബെന്നിചേട്ടന്‍റെ സഹായിയായ ദൊരൈസാമി എന്ന ദൊരൈ കാത്ത്  നില്‍ക്കുന്നുണ്ടായിരുന്നു. അവിടുത്തെ മെസ്സില്‍ നിന്നും തണുത്തു വിറങ്ങലിച്ച അപ്പവും മുട്ടക്കറിയും കൊടുത്ത് പ്രാകിതുടങ്ങിയ വയറിനെ അടക്കി. ഫോറെസ്റ്റ് ഓഫീസിലെ നടപടികള്‍ക്കൊടുവില്‍ രണ്ടുപേരും കൂടി ഞങ്ങള്‍ക്ക് കൂട്ടായി എത്തി. കാടിന്‍റെ മക്കളായ പഴനിഅണ്ണനും പ്രകാശന്‍ ചേട്ടനും.

പിന്നെയവിടുന്ന്ഞങ്ങൾ  കാടിനു ള്ളിലേക്ക് ഇറങ്ങി. 

വഴിയിലോരിടത്ത് കാടിന്‍റെ നിയമത്തിനു വിധേയനായ കലമാന്റെ അസ്ഥിപഞ്ജരം കിടന്നിരുന്നു. മൊട്ടക്കുന്നുകളും ഉയര്‍ന്നു നില്‍ക്കുന്ന പാറകളും ചരല്‍വഴികളും നിറഞ്ഞ വരണ്ട കാഴ്ച്ചകള്‍കിടയില്‍ ഒരു വാച് ടവര്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ വലിഞ്ഞു കയറി കാണാന്‍ സാധിക്കുന്ന വൃത്താകൃതിയിലുള്ള ഉയരക്കാഴ്ചകളെ വാക്കുകളിലൂടെ അറിയുന്നതിനേക്കാള്‍ നേരിട്ട് അറിയുന്നതായിരിക്കും നല്ലത്.

‘ഇനി നമുക്ക് ആറിന്റെ കരയിലൂടെ നടക്കാം’ പഴനി അണ്ണന്റെ ശബ്ദം.

മുന്നില്‍ വന്നുപെട്ട കുത്തനെയുള്ള ഇറക്കത്തിലൂടെ ഊര്‍ന്നിരങ്ങിയത് പാറകളെ പുണര്‍ന്നോഴുകുന്ന കാട്ടാറിന്റെ തീരത്തായിരുന്നു. ചീവീടുകളുടെ ഒച്ച ഉയര്‍ന്നുതാണ് കൊണ്ടിരുന്നു. വഴിമദ്ധ്യേ ഒരിക്കല്‍ പ്രകാശേട്ടനെ ആന ഓടിച്ചയിടം കാണിച്ചു തന്നു. അത്തരം ഒരു ഇടുങ്ങിയ വഴിയിലൂടെ നിറയെ പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ ആന ഒരാളെ ഓടിച്ചുവെന്നു വിശ്വസിക്കാനേ സാധിച്ചില്ല. ഞാന്‍ സംശയം മറച്ചു വെച്ചില്ല. പക്ഷെ അങ്ങിനെ സംഭവിക്കുമെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. വേറൊരു ആശയംകൂടി ഉണ്ടത്രേ. അവരുടെ കൈകളില്‍ ഒന്നുരണ്ടു ബാണ്ഡങ്ങള്‍ ഉണ്ട്.. പഴയ തുണികളും ന്യൂസ് പേപ്പറുകളും കുത്തിനിറച്ച സാമാന്യം വലിപ്പമുള്ള ബാണ്ടങ്ങള്‍. എങ്ങാനും ആന ഓടിച്ചാല്‍ ഓടുന്ന വഴി ഈ ഭാണ്ഡം വഴിയിലുപേക്ഷിച്ച് എവിടെയെങ്കിലും മറഞ്ഞിരിക്കും. ആളെ കിട്ടാതതിനുള്ള ദേഷ്യം മുഴുവന്‍ ആ ഭാണ്ഡത്തിനോട് തീര്‍ത്തു കലിയടങ്ങുമ്പോള്‍ അത് തിരികെ പൊയ്ക്കൊള്ളും എന്നാണു അവര്‍ പറഞ്ഞത്.

എന്തായാലും വരിവരിയായി വെള്ളമരുത് മരങ്ങള്‍ ഉയരങ്ങളില്‍ കുടവിരച്ച പച്ചപ്പില്‍ കരിങ്കുരങ്ങുകളുടെ ഊയലാട്ടവും ഹനുമാന്‍ കുരങ്ങുകളുടെ ഒളിച്ചുകളികളും കണ്ട് മലയണ്ണാന്‍മാരുടെ ബഹളവും വര്‍ണ്ണപക്ഷികളുടെ പാട്ടുകളും കാറ്റിന്റെ മൂളലും കേട്ട് ആ കാട്ടാറിന്‍ തീരതുകൂടിയുള്ള നടത്തം ഒരു അനുഭവം തന്നെയായിരുന്നു. പുറം കാട്ടില്‍നിന്നും ഏകദേശം അഞ്ചു കിലോമീറ്റെര്‍ അകത്തുള്ള പാമ്പാറിന്‍ തീരത്തെ ഒരു കുടില്‍ ആയിരുന്നു താമസത്തിനായി കിട്ടിയത്.

അവിടെ കണ്ടതോന്നും വാക്കുകളില്‍ വിവരിക്കാന്‍ ആവില്ലെന്ന് ആദ്യമേ പറയുകയാണ്‌. അനുഭവിച്ചറിയേണ്ടത് അനുഭവിച്ചുതന്നെ അറിയണം.. ഒരുപക്ഷെ ദിവസങ്ങള്‍ കഴിയുംതോറും “വികസനം, അടിസ്ഥാന സൌകര്യം’ തുടങ്ങിയ വിളിപ്പേരില്‍ ആ നന്മയുടെ മുഖംതന്നെ മാറ്റിമറിച്ചുകളയും പ്രകൃതിയെ വെല്ലുവിളിക്കുന്നവര്‍...

കുടിലിനു മുന്നില്‍ ചെറിയൊരു മുറ്റം. അവിടെനിന്നും താഴേക്കു ഒരു ഇറക്കം ഒടുവില്‍ ഉരുണ്ടും പരന്നും കൂര്‍ത്തും നില്‍ക്കുന്ന പാറക്കൂട്ടങ്ങളുടെ പാദസരങ്ങളിലെ മുത്തുമണികള്‍ പോലെ ജലം കിലുങ്ങിക്കൊണ്ടിരിക്കുന്നു. 

ലഗ്ഗെജുകള്‍ എല്ലാം ഒതുക്കിവെച്ച് ഒട്ടും സമയം പാഴാക്കാതെ താഴെയിറങ്ങി വെള്ളതിലാണ്ട് കിടന്നു. അരക്കൊപ്പമേ ഉള്ളൂ എങ്കിലും വെള്ളത്തിന്‌ നല്ല ഒഴുക്കുണ്ടായിരുന്നു. ആദ്യമേതന്നെ പഴനി അണ്ണന്‍ അപകടങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നത് കൊണ്ട് ആ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി. പരിചയപ്പെട്ടു വരുംതോറും ഞങ്ങള്‍ അവളിലേക്ക്‌ ഇറങ്ങിചെന്നുകൊണ്ടിരുന്നു. 

പതിയെപ്പതിയെ ജലത്തിന്‍റെ തണുപ്പിനൊപ്പം ഉയരവും കൂടുന്നുണ്ടോ എന്ന് സംശയം തോന്നിത്തുടങ്ങിയിരുന്നു, അത് സത്യവുമായിരുന്നു. മൂന്നാറിലെക്കുള്ള വഴിയിലെ തൂമാനം വെള്ളച്ചാട്ടത്തില്‍ നിന്നും വരുന്ന പാമ്പാറിലെ ജലം നിരവധി ഔഷധഗുണങ്ങള്‍ ഉള്ളതെന്നാണ് കേട്ടറിവ്. ആറിന്റെ അങ്ങേയറ്റത്ത്‌ വലിയൊരു കുഴി രൂപപ്പെടിട്ടുണ്ട്. ഇപ്പോള്‍ അത് കാണുന്നുണ്ടെങ്കിലും ജലം നിറഞ്ഞിരിക്കുന്ന സമയത്ത് അങ്ങനെ ഒന്ന് അവിടെ ഉള്ളതായി തോന്നുകയേ ഇല്ല, അതിന്‍റെ മധ്യഭാഗതിലേക്ക് നീണ്ടു നില്‍ക്കുന്ന മറ്റൊരു പാറയുടെ കൂര്‍പ്പിനെ ഒഴുക്ക് നിത്യവും രാകി മിനുക്കുന്നതുകൊണ്ടാവാം കാണുമ്പോഴേ അറിയാം വല്ലാത്ത മൂര്‍ച്ചയാനെന്നു. ആ ഭാഗത്ത്‌ ആറിലെ ഏറ്റവും അപകടം പതിയിരിക്കുന്ന സ്ഥലവും അതാണ്‌.

അവിടുന്നങ്ങോട്ട് കാണുന്നതാണ് ആ പുഴയിലെ ഏറ്റവും വലിയ പാറ. പരന്ന ആകൃതിയിലുള്ളത്. പതിയെ ഈറനോടെത്തന്നെ ആ പരപ്പിലെ ചൂടില്‍ കാതില്‍ വെള്ളത്തിന്റെ ആരവം മാത്രമെടുത്ത് ആകാശം നോക്കി മലര്‍ന്നുകിടന്നു. കാട്ടുവള്ളികളില്‍ കുരങ്ങുകളുടെ ഊയലാട്ടം തകൃതിയായി നടക്കുന്നുണ്ട്... നോക്കിനില്‍ക്കെ മാനം ഇരുണ്ടു തുടങ്ങി. കരിപിടിച്ച മേഘങ്ങള്‍ക്കിടയില്‍ നിലാവുദിച്ചു. അല്‍പനേരം കൂടെ അവിടെ കിടന്നു. മതിയായിലെങ്കിലും പ്രകാശേട്ടന്റെ തിരിച്ചുവിളിയില്‍ ആ നീല വെളിച്ചത്തിലൂടെ പുഴ മുറിച്ചു തിരികെ നടന്നു. വരുമ്പോള്‍ അരക്കൊപ്പം ഉണ്ടായിരുന്ന വെള്ളം അല്പംകൂടെ ഉയര്‍ന്നിരുന്നു. തണുപ്പിനൊപ്പം ഒഴുക്കും വേഗത്തിലായി. 

അത്താഴത്തിനു ശേഷം അവര്‍ മൂന്നുപേരും ഹട്ടിനു മുന്നില്‍ തീയോരുക്കി ചൂട് പകര്‍ന്നു വെളിച്ചമാവുന്നതുവരെ കാവലിരുന്നു.

തലേ ദിവസം ട്രീടോപ്പ് ഹൌസ് ആണ് ആവശ്യപ്പെട്ടതെങ്കിലും ഫ്രാന്‍സില്‍ നിന്നും വന്ന ഒരു ഫാമിലി നേരത്തെ ബുക്ക്‌ ചെയ്തതുകൊണ്ട് അത് ലഭിച്ചില്ല. ഇന്നവര്‍ തിരിച്ചു പോവുന്നു എന്ന് പഴനിയണ്ണന്‍ അറിയിച്ചപ്പോള്‍ അടുത്ത രാത്രിക്ക് വേറെ സ്വപ്‌നങ്ങള്‍ നെയ്തു. ഫ്രഷ്‌ ആയി ആദ്യം ചെയ്തതും ട്രീടോപ്പ് സന്ദര്‍ശിക്കുക എന്നതാണ്. തൂങ്ങിനിന്ന കയറെണിയില്‍ക്കൂടി അറ്റത്തെത്തി അവിടുന്ന് അല്പദൂരം പട്ടിക അടിച്ചു നിര്‍ത്തിയ പലകയിലൂടെ വേണം ഏറുമാടതിലേക്ക് കയറാന്‍.. അതിന്‍റെ വശങ്ങളില്‍ കണ്ട ചിതലുകള്‍ വല്ലാതെ  ആശങ്കയിലാഴ്ത്തി. "വെള്ളമരുതിന്റെ കാതലാണ് ഈ ചിതലോന്നും അതിലെല്‍ക്കില്ല" എന്ന അവരുടെ വാദങ്ങള്‍  ധൈര്യം പകര്‍ന്നില്ല. മാത്രമല്ല. തലേ ദിവസം അനുഭവിച്ച അത്രയും ഭംഗി അതിന്‍റെ ചുറ്റുവട്ടങ്ങളില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന ചിന്തയും ട്രീടോപ്പ് വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചു.

നേരെ മെസ്സിലേക്ക്. ബ്രേക്ക് ഫാസ്റ്റ് ആയി പുട്ടും കടലയും. സത്യം പറയാമല്ലോ, അവിടുത്തെ പരിമിതികള്‍ മൂലമായിരിക്കാം എന്നിരുന്നാലും മൂന്നു നേരം കഴിച്ച ഭക്ഷണവും ഇഷ്ടമായില്ല. അത് ദൊരൈയോട് പറയുകയും ചെയ്തു. കാര്യം അറിഞ്ഞ പ്രകാശേട്ടന്‍ പറഞ്ഞത് സാധനങ്ങള്‍ വാങ്ങിച്ചു തന്നാല്‍ അവിടെ വെച്ചുണ്ടാക്കം എന്നാണു. കേട്ട പാതി കേള്‍ക്കാത്ത പാതി പ്രകാശേട്ടന്‍ എഴുതിത്തന്ന ലിസ്റ്റും എടുത്ത് നേരെ ചന്ദനം മണക്കുന്ന  മറയൂരിലേക്ക്... പോകുന്ന വഴി തൂമാനം വെള്ളചാട്ടത്തിനെ അകലെനിന്നും നോക്കിക്കണ്ടു. സമയം കളയാതെ മറയൂര്‍ ചന്തയില്‍നിന്നും ചിക്കനും മത്തിയും ഉള്‍പ്പടെ അരിസാമാനങ്ങള്‍ വാങ്ങി തിരികെയെത്തി.

പാറപ്പുറത്ത് മൂന്നു കല്ലുകള്‍ കൂട്ടിവെച്ച അടുപ്പുകളില്‍ രുചിയുടെ ഗന്ധം നിറഞ്ഞുനിന്നു. വെളുത്തുള്ളിയും പച്ചമുളകും കുരുമുളുകം മല്ലിയിലയും അരച്ച മസാലപുരട്ടി വറുത്തെടുത്ത മത്തിയെ പ്രത്യേകം പ്രശംസിക്കാതെ വയ്യ. എല്ലാത്തിനും പകരം വെക്കാനുള്ള സസ്യങ്ങളുണ്ട് അവിടെ. മല്ലിക്ക് പകരം, കറിവേപ്പിലക്ക് പകരം, അങ്ങിനെയങ്ങിനെ... മുളകിന് പകരം വേറെ ഒന്നും ഇല്ല മുളക് തന്നെ.. അങ്ങിനെ വളരെ കുറച്ചു പാക്കറ്റ് സാധനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പൂര്‍ണമായും അവരുടെ രീതിയില്‍ തന്നെ പാചകം ചെയ്തു തന്നു.

തലേന്നത്തെ രാത്രിയുടെ ഏകദേശം ആവര്‍ത്തനമായിരുന്നെങ്കിലും അവസാനം ചൂട് കൊള്ളാന്‍ അവരോരുക്കിയ തീയുടെ വശങ്ങളില്‍ അവരോടൊപ്പം ഞാനുമിരുന്നു. പഴനിയണ്ണന്‍റെ പാട്ടുകളും പ്രണയ വിവാഹത്തിന്‍റെ കഥകളും അവരുടെ ജീവിത ശൈലികളും പഴനിയണ്ണന്‍ ഞങ്ങള്‍ക്കുമുന്പില്‍ അവതരിപ്പിച്ചു., ഇപ്പോഴും അവരുടെ മൂപ്പനോടുള്ള ആദരവും ബഹുമാനവും ശരിക്കും അതിശയപ്പെടുതുന്നതായിരുന്നു. അധികം സംസാരിക്കുന്ന പ്രക്രിതാമല്ലെങ്കിലും പ്രകാശേട്ടന്‍ ഒരു സംഭവം തന്നെയായിരുന്നു. ‘നാവടക്കൂ പണിയെടുക്കൂ’ എന്നത് അധരവ്യായാമാത്തിലോതുക്കാത്ത ചുരുക്കം ചിലരില്‍ ഒരാള്‍. ആ സമര്‍പ്പണത്തിന് പ്രത്യേകം നന്ദി പറഞ്ഞ് തിരികെയിറങ്ങി .

രണ്ടു ദിവസങ്ങള്‍.....! 

വൈദ്യുതി ഇല്ല...!

മൊബൈല്‍ ഫോണിനു റേഞ്ച് ഇല്ല... !

പിറന്നുവീണയിടത്തേക്ക് തിരിച്ചൊരു സഞ്ചാരമെന്നത് സാധ്യമായ ഒരു കാര്യമല്ലെങ്കിലും ഏറെക്കുറെ അതുപോലെ തോന്നിയ സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടായിരുന്നു പാമ്പാറിന്‍കരയിലുള്ള മണിക്കൂറുകളില്‍...

തിരികെയുള്ള യാത്രയില്‍ കുറെ നേരം വല്ലാത്ത ഒരു ശൂന്യത നിഴലിട്ടുനിന്നു. ഏറെ നേരത്തിനോടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ ‘പൊരി ട്രിപ്പാരുന്നു ല്ലേ മച്ചാ’ എന്ന്‍ എന്റെ 'ഹൃദയം' എന്നോട് ചോദിച്ച ചോദ്യത്തിന് നേരെ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു.

ഈ യാത്രക്ക് രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു സുഹൃത്ത്‌ സമ്മാനിച്ച ന്യൂഇയര്‍ ഗ്രീറ്റിംഗ് കാര്‍ഡിലെ കാനനചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതെവിടെയാണെന്ന് അവനും വലിയ അറിവുണ്ടായിരുന്നില്ല. അധികം വൈകാതെ ഞാന്‍ അത് വാട്ടര്‍ കളറില്‍ വലുതായി പെയിന്റ് ചെയ്യുകയും ചെയ്തു...

പക്ഷെ അന്ന് ഞാന്‍ ഇടമേതെന്നു അറിയാതെ വരച്ച ചിത്രത്തിനെ ഈ യാത്രയില്‍ ജീവന്‍ തുടിക്കുന്ന ഫ്രെയിമില്‍ കണ്ടതിനെ പറഞ്ഞുഫലിപ്പിക്കാന്‍ എനിക്കാവുന്നില്ല. അത് നിങ്ങള്ക്ക് വിടുന്നു.....


|- ദാസ്‌ -

Comments